Thursday, September 29, 2011

ഓര്‍മ്മക്കുറിപ്പുകള്‍


                ഇന്നലെ അലമാരയിലെ സാധനങ്ങള്‍ തട്ടി ഒതുക്കി വെക്കുമ്പോളാണ് എന്റെ പഴയ പാസ്പ്പോര്‍ട്ട് കയ്യില്‍ കിട്ടിയതു. അതിന്റെ കാലപ്പഴക്കം അറിയാനായി മറിച്ചു നോക്കിയപ്പോള്‍ എന്റെ കാലപ്പഴക്കം  അത്  എന്നെ ഓര്‍മിപ്പിച്ചു........ അതെ ഇന്നെനിക് 60 വയസ്സ് തികയുന്നു,
വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞാന്‍ പേന കയ്യില്‍ എടുത്തു. നീണ്ട ഇടവേളയ്ക്കുശേഷം അതിനുമാത്രമായ കാരണങ്ങള്‍ ഒന്നുമില്ല, ഒരുപക്ഷെ ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് ജീവിച്ചു തീര്ന്നതുകൊണ്ട് ഒന്ന് തിരിഞ്ഞുനോക്കം എന്ന് മനസ്സിന് തോന്നിക്കാണും. അല്ലെങ്കില്‍ ഈ ജീവിതകാലത്തില്‍ എന്നിലൂടെ കടന്നുപോയ ദിനങ്ങള്‍ , അതിലെ ഗൃഹാതുരമായ ഒരുപാട് നിമിഷങ്ങള്‍ , അവ വിറയ്ക്കുന്ന ഈ വിരല്‍ത്തുമ്പിലൂടെ ഒരു മോക്ഷത്തിനായി കൊതിക്കുന്നുണ്ടാകും.
                 പ്രവാസിയുടെ ജീവിതത്തില്‍ അവന്നു അന്യമായ ചില സൌഭാഗ്യങ്ങള്‍ , അത് അനുഭവിക്കാന്‍ ഭാഗ്യം ചെയ്ത കുറച്ചു കൂട്ടുകാര്‍ അതായിരുന്നു ഞങ്ങള്‍ .ഞങ്ങള്‍ എന്നാല്‍ ഞാനും കൊല്ലംകാരന്‍ ഫിറോസും തിരോന്തരം സാബിറും വൈരന്കോടന്‍ മിര്ശാദും നാസറും മുത്തുവും അങ്ങനെ അങ്ങനെ ഒത്തിരിപേര്‍ ........... പറഞ്ഞുവന്നാല്‍ ഒരു ജാഥക്കുള്ള ആളുണ്ട്. പ്രവാസത്തിന്റെ നേര്‍ത്ത ഒരു നൊമ്പരംപോലും ഞങ്ങളെ അറിയിക്കാത്ത ചില ദിനങ്ങള്‍ . നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെ, സൌഹൃതത്തിന്റെ നനവുള്ള ആ ഇന്നലെകള്‍ ........... അവ   ഇപ്പോള്‍ ഞാനറിയാതെ എന്റെ കാഴ്ചകളെ മറക്കുന്നു.
ഞങ്ങളുടെ കൂട്ടത്തില്‍ ഞാനും ഫിറോസുമാണ്  ആദ്യത്തെ കണ്ണികള്‍ എന്ന് വേണമെങ്കില്‍ പറയാം. ഫിറോസിലൂടെയാണ് അവന്റെ സഹമുറിയന്‍ സാബിറുമായിട്ടു സൌഹൃദത്തില്‍ ആകുന്നതു. ആദ്യമൊക്കെ തികച്ചും ഫോര്‍മല്‍ ആയിട്ടായിരുന്നു ഞങ്ങളുടെ കൂട്ട്. ആരും ആരുടെയും (കൂതറ) സ്വഭാവങ്ങള്‍ പുറത്തിറക്കിയിരുന്നില്ല എന്നര്‍ത്ഥം. ജന്മവാസന എത്രനാള്‍ പിടിച്ചു നിര്‍ത്തും ???. അങ്ങിനെ ഇരിക്കെയാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കി 2008 ജനുവരിമാസം ഒരു കുരിശു, വെറും കുരിശ് അല്ല ഒരു കോട്ട് ഇട്ട കുരിശ് അബു ദാബി സലാം സ്ട്രീറ്റ്‌ ലുലു സെന്റെറിന്റെ താഴെ വന്നിറങ്ങിയത്.............. പേര് മിര്ശാദ്. ഞാന്‍ ജോലി ചെയ്തിരുന്ന  കമ്പനിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ ആയിട്ടാ പുള്ളിയുടെ വരവ് . അതുവരെ കമ്പനിയില്‍ ഓഫീസ് ബോയി ആയിരുന്ന ഞാന്‍ തന്നെ ആയിരുന്ന്നു മാനേജരും. മനസ്സിലായില്ല അല്ലെ?..... അതായത് എന്റെ കമ്പനി അല്‍ ഐന്‍ ബൈസ് ടു കമ്പനി ആണ് , മാത്രവുമല്ല  അബുദാബി ബ്രാഞ്ച് ഓഫീസില്‍  കാര്യമായിട്ടു വര്‍ക്ക്‌ ഒന്നും ഇല്ല അതുകൊണ്ടുതന്നെ ഞാന്‍ അല്ലാതെ ഓഫീസില്‍ മറ്റാരും ഉണ്ടാകാറില്ല . മാനേജര്‍ ഇടയ്ക്കു വന്നു പോകുമെന്ന് മാത്രം. ഇപ്പോള്‍ ഡ്രാഫ്റ്റ്സ്മാന്‍ ഒഴിവിലേക്കാണ് ഈ കുരിശു കയറിവരുന്നത്. പ്രോട്ടോകോള്‍ പ്രകാരം ഞാന്‍ അവന്നു ചായ ഉണ്ടാക്കി കൊടുക്കണം. അതിലുമപ്പുറം ഇവിടെ എന്റേതായ സ്വൈര്യ വിഹാരത്തിന് ഇവന്‍ വല്ല പാരയുമാകുമോ എന്നാ ആശങ്ക ഫിറോസ്‌ ആണ് എന്നെ ആദ്യം അറിയിച്ചത് . "നീ നിന്റെ മേല്‍ അവന്നു വലിയ സ്വാതന്ത്ര്യം ഒന്നും വകവെച്ചു കൊടുക്കരുത് . ആദ്യമേ ഒതുക്കിക്കോണം. അല്ലേല്‍ ലവന്‍ നമുക്ക് പരയാകും " എന്ന്  ആത്മാര്‍ഥമായി അവന്‍ എന്നെ ഉപദേശിച്ചു. അതിന്റെ ആദ്യപടിയെന്നോണം മിര്ഷാദിനെ മാക്സിമം ഒഴിവാക്കി. ആദ്യ കണ്ടപ്പോള്‍ ആള്‍ ഇത്തിരി ജാടയാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. പിന്നെ അവനുമായി അടുത്തപ്പോള്‍ അവന്‍ ഞങ്ങളെക്കാള്‍ വലിയ കൂതറയാണെന്നും, അവനെ നമ്മുടെ നേതാവക്കിയാല്‍ ആരും കുറ്റംപറയില്ല എന്നും ഞങ്ങള്‍ മനസ്സിലാക്കി.
                   പിന്നെയങ്ങോട്ട് ശരിക്കും പെരുന്നാളായിരുന്നു. ഞങ്ങള്‍ വളരെ ഹാപ്പിയായി പോകുന്നതിനിടക്കാന് ഞാനും എന്റെ കമ്പനിയും തമ്മില്‍ ചെറിയ ഒരു ഉടക്ക് ഉണ്ടാകുന്നത്. (അതിനെ പറ്റിപറഞ്ഞാല്‍ ഒരു നോവലിനുള്ള വകുപ്പുണ്ട് . അതിനാല്‍ അതുമുഴുവന്‍ ഇവിടെ പറയുന്നില്ല). ഉടക്കിന്റെ ക്ലൈമാക്സ് എന്നോണം ഞങ്ങള്‍ (ഞാനും കമ്പനിയും) തമ്മില്‍ പിരിയാന്‍ തീരുമാനിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ കമ്പനി എന്നെ ക്യാന്‍സല്‍ ചെയ്തു (നാറികള്‍ പത്തു പൈസപോലും തന്നില്ല. ആ കണക്കില്‍ 3539 ദിര്‍ഹം അമ്പതു ഫില്‍സ്‌ എനിക്ക് ഇപ്പോഴും കിട്ടാനാണ് ..... കണക്ക് പറയുന്നത് എന്റെ തറവാടിന്റെ ശീലമാല്ലാത്തതുകൊണ്ട് ഞാനത് പറയുന്നില്ല ) അങ്ങിനെ നാട്ടില്‍ T.V.S ല്‍ വര്‍ക്ക് ചെയ്തു തെണ്ടിത്തിരിഞ്ഞു നടക്കുമ്പോഴാണ് എന്റെ പഴയ ഒരു സുഹൃത്ത്‌ പാങ്ങന്‍ റഷീദ്‌ (അവന്റെ കഷ്ടകാലത്തിന്) എനിക്ക് ഒരു വിസ അയച്ചു തന്നു. അവന്റെ കമ്പനിയില്‍ ഓഫീസ് ബോയി ആയിട്ടാണ് പണികിട്ടിയത് . അങ്ങനെ സമാധാനമായി അല്‍  ഐനില്‍ ജോലി ചെയ്തുവരുബോഴാണ് മിര്ശാദിന്റെ സ്നേഹിതന്‍ എന്ന് പറഞ്ഞു മറ്റൊരു മാരണം എന്നെ അന്വേഷിച്ചു വരുന്നത്. കണ്ടപാടെ പരിചയപ്പെട്ടു. പേര് നാസര്‍ ഭാര്യ ഡോക്ടര്‍ ആണ് , ഹാവൂ സ്വയം പര്യാപ്തത നേടിയ ഒരുത്തെനെകിലും മിര്‍ശാദ്ന്റെ സ്നേഹിതന്മാരില്‍ ഉണ്ടല്ലോ ( ഞാന്‍ മനസ്സില്‍ വിചാരിച്ചു ). പരിചയപ്പെട്ടു ഒരാഴ്ച കഴിഞ്ഞില്ല എന്റെ കയ്യില്‍ നിന്നും 500 ദിര്‍ഹം അവന്‍ കടം വാങ്ങി. (നക്കി) .............. ഡോക്ടറെ അല്ല അംബാനിയുടെ മകളെ കേട്ടിച്ചുകൊടുത്താലും ഇവനൊന്നും ഒരുകാലത്തും നേരെ ആവില്ല....... അതെങ്ങനെ ചാണകം ചാരിയാല്‍ അതല്ലേ മണക്കൂ...... അവന്റെ സ്നേഹിതന്‍ അല്ലെ ഇവന്‍ ........ ആരെ കുറ്റം പറയും ???? ....
              ഇടയ്ക്കു അബുദാബിയില്‍ നിന്ന് ഇവന്മാരോക്കെക്കൂടി അല്‍ ഐനില്‍ വരും .... വന്നാല്‍ പിന്നെ രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചു പോകൂ അതുവരെ ഞാന്‍ ഇവരെ തീറ്റിപ്പോറ്റണം. ചീത്ത പറയാനാനെന്കില്‍ ഇവന്മാര്‍ക്ക് ഒന്നും യാതൊരു ഉളുപ്പുമില്ല. അങ്ങിനെ ഇരിക്കെ ഒരുദിവസം എന്റെ മനസ്സില്‍ ലഡു പൊട്ടി .........' പൊതു ഫണ്ട്‌ ' !!!!!!!!!!!.... ആരെങ്കിലും ഒരാള്‍ പൈസ ചിലവാക്കുക അവസാനം മൊത്തം കണക്ക് ഭാഗിച്ചു ഓരോരുത്തരും ഷെയര്‍ ചെയ്യുക ... അങ്ങിനെ ഐക്യ ഖണ്ടേന ബില്ല് പാസാക്കി ..... ഈ ഉടമ്പടി പ്രകാരം ഞാന്‍ ഇവരെ തീറ്റിപ്പോറ്റാന്‍ തുടങ്ങി..... ഇടക്കൊക്കെ ഇവര്‍ വരും അന്ന് നൂറും ഇരുന്നൂറും ആയി എന്റെ കയ്യില്‍ നിന്നും പൊട്ടും. കണക്കപ്പിള്ള മിര്‍ശാദ് ആയിരുന്നു. തുക തരക്കേടില്ലാത്ത ഒരു സംഖ്യ ആയപ്പോള്‍ കണക്ക് കൂട്ടാം എന്ന ധാരണയില്‍ എത്തി. (കണക്കില്‍ മിര്ശാദ് പുലിയാ . തെറ്റ് പറ്റില്ല ) പക്ഷെ കൂട്ടി വന്നപ്പോള്‍ ഒരു പൊരുത്തമില്ലായ്മ. എന്നാലും ഞാന്‍ അങ്ങ് സമ്മദിച്ചു. കണക്ക് കൂട്ടിആഴ്ച ഒന്ന് കഴിഞ്ഞിട്ടും അതിനെ പറ്റി ഇവന്മാര്‍ ക.മ. എന്ന് മിണ്ടുന്നില്ല ... ചോദിച്ചപ്പോള്‍ 'നമ്മള്‍ തമ്മില്‍ കണക്ക് പറയണമെടാ ' എന്നൊരു സ്നേഹത്തില്‍ ചാലിച്ച ഒരു ചോദ്യം എനിക്ക് സന്തോഷമായി...... : (   ചുരുക്കിപ്പറഞ്ഞാല്‍ പൊതു ഫണ്ട്‌ രാഷ്ട്രീയക്കാരുടെ പ്രകടന പത്രികപോലെയായി .... ഒരു തുമ്പും ഇല്ല!!!!!!.
              അങ്ങിനെയിരിക്കെ ഫിറോസ്‌ കമ്പനിയെ പറ്റിച്ചു നാട്ടില്‍ പോയി (സത്യത്തില്‍ കമ്പനി അവനെയാണ് പറ്റിച്ചത്. കമ്പനീ അവനോടു വിസ ചേഞ്ച്‌ ചെയ്യാന്‍ നാട്ടില്‍ പോയി വാ എന്ന്  പറഞ്ഞു ഉള്ള വിസ ക്യാന്‍സല്‍ ചെയ്തു നാട്ടില്‍ അയച്ചു . പിന്നെ തിരിഞ്ഞു നോക്കിയില്ല !!!, എന്നാലും അവന്റെ സമാധാനത്തിനു അവന്‍ കമ്പനിയെ പറ്റിച്ചു എന്ന് ഞങ്ങള്‍ സമ്മതിച്ചു കൊടുക്കും. അവന്‍ അങ്ങിനെയാ, ഒരാളെ പറ്റിക്കാന്‍ കഴിഞ്ഞു എന്ന് ഓസ്കാര്‍ കിട്ടിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് അവന്‍ പറയാറ് ). അവന്‍ നാട്ടില്പോയി ഒരുമാസം കഴിഞ്ഞപ്പോള്‍ കൊല്ലത്ത് ഒരു പെണ്‍കുട്ടിക്ക് അത്യാഹിതം സംഭവിച്ചു എന്ന ഒരു ന്യൂസ്  കേട്ടു, പിന്നെയാ അറിഞ്ഞത് അതിവന്റെ കല്യാണം ആയിരുന്നു എന്ന്..... കല്യാണ ശേഷം അവന്‍ കുവൈറ്റില്‍ പോയി, അവിടുന്നു ഇറാക്കില്‍ അമേരിക്കന്‍ പട്ടാളത്തില്‍ പണ്ടാരി (കുശിനിക്കാരന്‍ ) ആയി പണികിട്ടി. ആയിടക്ക് അമേരികന്‍ സേന ഇറാക്കില്‍ നിന്നും പിന്‍വലിഞ്ഞു എന്നൊക്കെ പത്രത്തില്‍ വായിച്ചു. ( വയറ്റീന്നു പോക്ക് പിടിച്ചാല്‍ ഇറാക്കില്‍ നിന്നല്ല ഡെന്മാര്‍ക്കില്‍ നിന്നുവരെ പിന്‍ വലിയും )...........
               ഇതിനിടക്ക്‌ സാബിര്‍ വിവാഹിതനായി. ഞങ്ങളുടെ ഇടയിലെ പെണ്‍വിരോധിയും നിരീശ്വരവാദിയും ആയിരുന്ന സാബിര്‍ വിവാഹശേഷം ഭയങ്കര ദൈവ വിശ്വാസി ആയി. (ജീവനെ പേടി ഉള്ളവന്‍ ദൈവത്തിലല്ല ചെകുത്താനിലും വിശ്വസിച്ചു പോകും)  പെണ്ണൊരുമ്പെട്ടാല്‍ എന്ന ചൊല്ല് സത്യമാണെന്ന് അവന്റെ ജീവിതംകൊണ്ട് അവന്‍ തെളിയിച്ചു. സാബിറിന് ദുബായില്‍ ഏതോ വലിയ കമ്പനിയില്‍ I.T മാനേജര്‍ ആയി പണികിട്ടിയാതോടെ(കമ്പനിക്ക് ഒരു മുട്ടന്‍ പണികിട്ടി എന്ന് പറയുന്നതാ ശരി ) അബുദാബിയില്‍ മിര്ശാദ് മാത്രം ബാക്കിയായി. അതോടെ പണിയില്ലാത്ത കമ്പനിയില്‍ ഒറ്റക്കിരുന്നു വട്ടായി (അത് ആദ്യമേ ഉള്ളതുകൊണ്ട് മറ്റെന്തോ ആയി) കുറ്റിം പറിച്ചു അവനും നാട്ടില്‍ പോയി........
              ആദ്യമൊക്കെ എല്ലാവരും പരസ്പരം ഫോണില്‍ ബന്ധപ്പെടുമായിരുന്നു. പതിയെ പതിയെ അത് ചാറ്റിങ്ങിലേക്കും പിന്നെ വല്ലപ്പോഴും ഉള്ള ഇ - മെയിലിലേക്കും ചുരുങ്ങി ചുരുങ്ങി തീരെ ഇല്ലാതെയായി. എല്ലാവരും അവരവരുടെ ജീവിതചുഴികളില്‍ ഊളിയിട്ടു പ്രശ്നങ്ങളും പ്രാരബ്ദങ്ങലുമായി മാഞ്ഞുപോയി.................. പക്ഷേ മനസ്സിന്റെ കോണില്‍ എവിടെയൊ ആ നല്ല നാളുകള്‍ ജീവിതത്തിന്റെ ലാഭക്കണക്കില്‍ ഇന്നും മായാത്ത അക്കങ്ങളായി നിലകൊള്ളുന്നു.......... ഒരുപക്ഷെ വീണ്ടും ജീവിക്കാനുള്ള പ്രേരണകള്‍ക്ക് കൂട്ടായി ആ ഒരു പിടി ഓര്‍മകള്‍ ഉണ്ടായിരുന്നിരിക്കാം ............... ഇന്ന് അവരില്‍ എത്ര പേര്‍ ജീവനോടെ ഉണ്ടെന്ന്നു അറിയില്ല ........ ചുക്കിച്ചുളിഞ്ഞ അവരുടെ രൂപം സങ്കല്പ്പിക്കനാകുന്നില്ല ........... മനസ്സില്‍ ഇന്നും അവര്‍ക്കാ പഴയരൂപമാണ് , ജരാനരകള്‍ ബാധിക്കാത്ത ആ യവ്വന കാലം ............. ജീവിതത്തിന്റെ മദ്ധ്യാഹ്നത്തില്‍ കൂട്ടായി നിന്ന് ഈ അസ്തമയകാലത്തിനായി ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച എന്റെ സുഹൃത്തുക്കളെ ..........ഒരുതുള്ളി കണ്ണുനീരും ഹൃദയം നിറഞ്ഞ പ്രാര്‍ഥനകളും മാത്രമേ എന്നില്‍ ബാക്കിയോള്ളൂ  ....നിങ്ങള്ക്ക് നന്ദി ...............
ഈ ദിവസത്തിനു മറ്റൊരു പ്രത്യാകത കൂടി ഉണ്ട് . ഇന്ന് എന്റെ പെരമകളുടെ പിറന്നാള്‍ ആണ്.  എന്റെ ആ ഒര്കമ്മളിലും നല്ല മറ്റൊരു വസന്തം അവള്‍ക്കായി ആശംസിക്കട്ടെ.....................
എന്റെ അറ്റുപോയ ആ കണ്ണികള്‍ക്ക് വേണ്ടി ഞാനിത് സമര്‍പ്പിക്കുന്നു ............. ഇനിയൊരിക്കല്‍ ഇത് കുറിക്കാന്‍ ഞാനില്ലന്കിലോ ?.............

എന്ന് സ്നേഹത്തോടെ കാവുംപുറത്തിന്റെത്തിന്റെ സ്വന്തം പനവലി............