Thursday, March 17, 2011

കരിങ്കല്ലുകള്‍

ഇന്ന് തിയതി 2. തിരക്കിട്ട്‌ ഓഫീസില്‍നിന്നും ഇറങ്ങി നേരെ ബാങ്കിലേക്ക് നടന്നു. സാലറി എടുക്കണം നാട്ടില്‍ അയക്കണം കാറിന്റെ രണ്ടു അടവുകള്‍ തെറ്റിക്കിടക്കുകയാണ്, മോള്‍ടെ ഇന്‍ഷുറന്‍സ് പ്രിമിയം അടക്കാനുണ്ട് വീട്ടു ചിലവിന്നും പണം അയക്കണം. പെങ്ങളുടെകുട്ടിക്ക് സ്വര്‍ണം കെട്ടുന്ന ചടങ്ങാണ് അടുത്ത ആഴ്ച, ഒരു പവനില്‍ കുറയാതെ കൊടുക്കണം എന്നാണ് നേര്പാതി ഇന്നലെകൂടി വിളിച്ചപ്പോള്‍ പറഞ്ഞത്‌. ആചാരങ്ങളൊക്കെ അനാചാരങ്ങളായി തോന്നി. ഒരുപക്ഷെ ഒന്നര വര്ഷം മുന്നേ അളിയനും ഇങ്ങനെ ഒക്കെ തോന്നിക്കാണും അന്ന് പെങ്ങള്‍ എന്റെ മോള്‍ക്ക്‌ ഇട്ട അരഞ്ഞാണത്തിനു പകരം മറ്റെന്തെങ്കിലും ഇന്ന് ഞാന്‍ കൊടുത്തേ പറ്റൂ, കാരണം ഇത് അവളുടെയും അഭിമാനത്തിന്റെ പ്രശ്നമാണ് ആങ്ങള എന്താ ഇട്ടേ എന്ന് ഭര്‍ത്താവിന്റെ കുടുംബക്കാര്‍ ചോദിച്ചാല്‍?. സാരമില്ല കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണല്ലോ.

 ഇതിനൊക്കെ പുറമേ മറ്റൊരു കോടാലികൂടെഉണ്ട്. എന്റെ അമ്മാവന്‍ എന്നോട് കുറച്ചു കാശ് കടം ചോദിച്ചിരുന്നു ഈ മാസം എന്തായാലും തരാം എന്ന് ഞാന്‍ വാക്കും പറഞ്ഞുപോയി. എല്ലാം കൂടി എനിക്ക് ആകെ പ്രാന്തായി ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല. ഈ മണല്‍കാട്ടില്‍ വന്നിട്ട് വര്ഷം കുറെ ആയി ഇതുവരെയും സമ്പാദ്യം എന്നുപറയാന്‍ ഒന്നുമില്ല, കുറേ പരാതികളല്ലാതെ, ഒരുമകള്‍ വളര്ന്നുവരുകയാണ് .............. ഓരോന്ന് ആലോചിച്ച് ബാങ്കില്‍ എത്തിയത് അറിഞ്ഞില്ല. തിരക്കൊന്നും ഇല്ല, പെട്ടന്ന് തന്നെ ശമ്പളം എടുത്തു പുറത്തിറങ്ങി . ഇനി ചൂടോടെ നാട്ടിലേക്ക് അയക്കണം ബാങ്കില്‍ അയക്കാനോ അതോ... ഏതായാലും  uae exchange xpress money വഴി അയക്കാം അതാവുമ്പോള്‍ നാളെത്തന്നെ നാട്ടില്‍ കിട്ടും നേരെ ഒരു ടാക്സി പിടിച്ചു exchange ലേക്ക് വിട്ടു.

അവിടെ ചെന്നപ്പോള്‍ ഒടുക്കത്തെ ക്യൂ !!!. ഇന്ത്യന്‍ പാക്കിസ്ഥാനി, ബംഗാളി, നെപ്പാളി, ഫിലിപ്പിനോ എല്ലാംകൂടെ ഒരു ജില്ലക്കുള്ള ആളുണ്ട്.  പാപി ചെന്നിടം പാതാളം അല്ലാതെ എന്തു പറയാന്‍ !!!. ഉള്ളതില്‍ നീളം കുറഞ്ഞ ക്യൂ ഉള്ള  കൌണ്ടറില്‍ നിന്നു. പോയിട്ടാണേല്‍ തുണി അലക്കാനുമുണ്ട്. എപ്പോഴാണാവോ ഇവിടെ നിന്നും രക്ഷപെടുന്നത്. എന്റെ മുന്നിലുള്ള ആളെ നോക്കിയതും അയാള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു, ആള്‍ മലയാളി ആണെന്ന് തോന്നുന്നു. (അല്ലെങ്കിലും യു എ ഇ യില്‍ ഈത്തപ്പനയെക്കാള്‍ കൂടുതല്‍ മലയാളികളാണല്ലോ). അയാളുടെ മുഷിഞ്ഞ വിയര്‍ത്ത യുനിഫോരം കണ്ടപ്പോള്‍ ഏതോ സൈറ്റില്‍ ജോലിചെയ്യുന്ന തൊഴിലാളി ആണെന്ന് മനസ്സിലായി. (മാസം 800 ത്തിനോ 900 ത്തിനോ ജോലി ചെയ്യുന്ന മനുഷ്യര്‍ ) , എന്തായാലും ഇവന്നൊക്കെ ഒന്ന് കുളിച്ചു വേഷം മാറി വന്നൂടെ എന്ന് മനസ്സില്‍ തോന്നി അതൊന്നും മുഖത്ത് കാണിക്കാതെ ഞാനും ചിരിച്ചു . ലൈന്‍ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു കൂടെ ഞാനും .... നീണ്ട നിര്‍ത്തതിന്നു അവസാനമെന്നോളം എന്റെ മുന്നിലുള്ള അയാളുടെ ഊഴമെത്തി കൌണ്ടറില്‍ ഒരു ഫിലിപ്പിനോ പെണ്ണാണ്  .. അയാള്‍ എന്റെ നേരെ നോക്കി ചോദിച്ചു "ഇതിലുള്ള ഈ അഡ്രെസ്സ് ഒന്ന് പറഞ്ഞു കൊടുക്കാമോ എനിക്ക് ഇംഗ്ലീഷ് അത്ര വശമില്ല " കൈയ്യില്‍ ചുരുട്ടിപ്പിടിച്ച ഒരു പത്ര തുണ്ട് എനിക്ക് നേരെ നീട്ടി ... വീണ്ടും തുടര്‍ന്നു "ഇന്നലെ റൂമില്‍ ഒരു സുഹൃത്ത്‌ കൊണ്ടുവന്ന മലയാള പത്രമാ, പാവങ്ങളാണെന്നു തോന്നുന്നു, കണ്ടപ്പോള്‍ ഈമാസത്തെ ശമ്പളം അയച്ചുകൊടുക്കാമെന്ന് തോന്നി, എനിക്കേതായാലും അത്യാവശ്യങ്ങള്‍ ഒന്നും ഇല്ല, വീട്ടിലേക്കു രണ്ടു മാസത്തില്‍ ഒരിക്കലേ പൈസ അയക്കറൊള്ളൂ " ഞാന്‍ പത്രത്തിലേക്ക് നോക്കി പിന്നെ അയാളെയും , (പത്രത്തില്‍ നിര്‍ധനരായ ഒരു കുടുംബത്തിന്റെ സഹായ അഭ്യര്‍ത്ഥന ആയിരുന്നു) ഞാന്‍ സ്ലിപ്പ്‌ എടുത്തു പൂരിപ്പിക്കാന്‍ തുടങ്ങി, അതിലെ ഓരോ അക്ഷരവും എന്നെ നോക്കി പരിഹസിക്കുന്നത് പോലെ. ആ മനുഷ്യന്റെ മുന്നില്‍ ഞാന്‍ വളരെ ചെറുതായ പോലെ.  ഒരു നിമിഷം എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ്‌ തോന്നി. പിന്നെ മനസ്സ് മാറാതിരിക്കാന്‍ എന്റെ പായാരങ്ങള്‍ക്കുള്ളില്‍ ഹൃദയത്തിനെ ഞാന്‍ ചങ്ങലക്കിട്ടു.

By Mirshad

5 comments:

 1. 'അതിലെ ഓരോ അക്ഷരവും എന്നെ നോക്കി പരിഹസിക്കുന്നത് പോലെ'
  നന്നായി പറഞ്ഞു. ഈ അക്ഷരങ്ങള്‍ എന്നെയും പരിഹസിച്ചപോലെ എനിക്ക് തോന്നി...

  ആശംസകള്‍

  ReplyDelete
 2. വസ്ത്രവും പത്രാസുമോന്നും മനുഷ്യനെ അളക്കാന്‍ പോന്ന കാര്യങ്ങളല്ല. നന്നായിട്ടുണ്ട്.

  ReplyDelete
 3. നന്മ നിറഞ്ഞ മനസ്സുണ്ടാവാന്‍ പത്രാസ് വേണമെന്നില്ല.
  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 4. വായിച്ചിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട ഒരു കഥ.
  പലപ്പോഴും നാം വളരെ ചെറുതായി പോവുന്ന അവസ്ഥ.
  പക്ഷേ അത് നമ്മെ നല്ലൊരു ഉണര്‍ത്തലിലേക്ക് നയിക്കുന്നുവെങ്കില്‍ അതില്‍പരം നല്ല കാര്യം മറ്റെന്‍തുണ്ട്?
  ഇത്തരം നല്ല ആളുകളുടെ നല്ല മനസാണ് ഒരു പക്ഷേ ലോകത്തിന്‍റെ വറ്റാത്ത നന്മയുടെ ഉറവിടം.
  നന്നായി പറഞ്ഞു. ആശംസകള്‍.

  ReplyDelete

എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ മാഷെ