Wednesday, March 30, 2011

അറ്റം കാണാനാവാതെ ............

പൈലറ്റിന്റെ മുന്നറിയിപ്പ് കേട്ടാണ് ഞാന്‍ ഉറക്കത്തില്‍നിന്നും ഉണര്‍ന്നത്‌. എവിടെയാണെന്ന് മനസ്സിലാക്കാന്‍ ഒരു നിമിഷം വേണ്ടിവന്നു........  അതെ, ഞാനും ഒരു പ്രവസിയാകാന്‍  പോകുന്നു. സൈഡ് വിന്‍ഡോയിലൂടെ ഞാന്‍ താഴേക്കു നോക്കി. സ്വര്‍ണ്ണമുത്തുകള്‍ കോര്‍ത്ത മാലപോലെ ദുബായ് റോഡുകള്‍ രാത്രിയില്‍ തിളങ്ങി നില്‍ക്കുന്നു. പ്രകാശപൂരിതമായ അന്തരീക്ഷം. ദുബൈയുടെ ഈ ഒരു ഭംഗി ഫോട്ടോയിലൂടെ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ലോകത്തിലെ സ്വപ്ന പറുദീസകളിലൊന്നു ആയിരക്കണക്കിന്നു അടി മുകളില്‍നിന്നു ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു. എയര്‍ഹോസ്റെസ്‌ സീറ്റ്ബെല്‍റ്റ് ധരിക്കാന്‍ നിര്‍ദ്ദേശം തന്നു. വിമാനം താഴാന്‍ പോകുകയാണ്, അതും എന്റെ സ്വന്തം അല്ലൂരില്‍ നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് ..........................

            22 വര്‍ഷക്കാലത്തെ ജീവിതത്തിനു ഇടയില്‍ ആദ്യമായി ഇതാ ഞാന്‍ അറബ്‌നാട്ടില്‍..............  വിമാനം ഒരു കുലുക്കത്തോടെ ലാന്‍ഡ് ചെയ്തു. എല്ലാവരും അക്ഷമരായി ബാഗുകളും മറ്റും എടുക്കാന്‍ ശ്രമിക്കുന്നു, അവരോടൊക്കെ സീറ്റില്‍ തന്നെ ഇരിക്കാന്‍ പറഞ്ഞുകൊണ്ട് എയര്‍ഹോസ്റെസ്‌  സുന്ദരിമാര്‍ പരക്കംപായുകയാണ്‌. മൊബൈല്‍ ഓണാകുന്ന മ്യൂസിക്‌ ഒന്നിനുപുറകെ ഒന്നായി കേള്‍ക്കുന്നുണ്ട്. എന്റെ അടുത്തിരിക്കുന്ന ആള്‍ മൊബൈലില്‍  വിമാനം ലാന്‍ഡ്‌ ചെയ്ത വിവരം സുഹൃത്തിനു വിളിച്ചുപറയുന്ന തിരക്കിലാണ്. ആദ്യ വിമാനയാത്ര ആയതിനാലാവും  ഇതെല്ലാം എന്നില്‍ കൌതുകത്തോടൊപ്പം ചെറിയൊരു അമ്പരപ്പും ഉളവാക്കി. വിമാനത്തിനു പുറത്തിറങ്ങി. ഭയങ്കര തണുപ്പ്, ഡിസംബര്‍ ജനുവരി തണുപ്പ്‌ അതിന്റെ ഉച്ചസ്ഥായിയില്‍ !!!!!......... വന്നവണ്ടിക്ക് തന്നെ തിരിച്ചു വിട്ടാലോ!!!.. എന്ന് ഒരു നിമിഷം തോന്നി .... കാരണം തണുപ്പകറ്റാന്‍ കൈയ്യില്‍ സ്വറ്ററോ കോട്ടോ ഒന്നുമില്ല !!! ..

            എന്റെ ഹാന്‍ഡ്‌ ബാഗും കൈയ്യില്‍പിടിച്ചു ദുബായ് എയര്‍പോര്‍ട്ടിലൂടെ മറ്റുയാത്രാക്കാരുടെ കൂടെ ഞാനും നടന്നു. എല്ലാവരും ദൃതിയില്‍ നടക്കുകയാണ്, പലരും പല ലക്ഷ്യങ്ങളുമായി ............. എന്റെ ലക്‌ഷ്യം എന്താണ് ???? ........  ലക്ഷ്യത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല ........... രണ്ടാഴ്ചമുമ്പ് വീട്ടില്‍ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉപ്പ വന്നുപറഞ്ഞു

" നിന്റെ വിസ വന്നിട്ടുണ്ട് " ............

ആ ..........

"ഒരാഴ്ചക്കുള്ളില്‍ കയറണം "

ഊം  .......... ഞാന്‍ വീണ്ടും മൂളി

 തിരിച്ചു ഞാനൊന്നും പറയാത്തത് കൊണ്ടാകും അത്രയും പറഞ്ഞു ഉപ്പ അടുക്കളയില്‍നിന്ന് പോയി. വീണ്ടും കറി ഒഴിക്കുമ്പോഴാണ് ഉപ്പ പറഞ്ഞതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചത്‌ ........... വിസകിട്ടിയെന്നോ !!??? ..... ആര്‍ക്കു? ........... എനിക്കോ !!!?. ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മിന്നി!!!!.
 വിസക്ക്‌ കൊടുക്കണം എന്നു ഉപ്പ പറഞ്ഞിരുന്നു  ........... ഇത് പക്ഷെ ..........
ഒരാഴ്ച അതായത് വെറും ഏഴു ദിവസം കഴിഞ്ഞാല്‍............... ദൈവമേ !!!!!!
ചോറ് ചങ്കില്‍ നിന്ന് ഇറങ്ങുന്നില്ല .....ഞാന്‍ ചുവരിലെ കലണ്ടറിലേക്ക് നോക്കി  ........ഇനിയെന്ത്‌ ????

ആചോദ്യം ഇപ്പോള്‍ വീണ്ടും ഞാനെന്നോടുതന്നെ  ചോദിച്ചു .........

നടന്നു നടന്നു അവസാനം എമിഗ്രേഷനില്‍ എത്തി. കണ്ണ് ടെസ്റ്റ് ഉം അനുബന്ധ പ്രക്രിയയും കഴിഞ്ഞു ലഗേജുമായി  പുറത്തിറങ്ങി.... ( ഭാഗ്യം ഇതുവരെ ഒന്നും സംഭവിച്ചില്ല ). അന്യഭാഷയും ദേശവും ആളുകളുടെ വസ്ത്രധാരണരീതിയും കുറച്ചൊന്നുമല്ല എന്നെ അമ്പരിപ്പിച്ചത്. അതിലേറെ ദുബായ് എയര്‍പോര്‍ട്ടിന്റെ ആഡംബരവും മനോഹാരിതയും എന്നെ ഏറെ അത്ഭുതപ്പെടുത്തി. എന്നെ കാത്തു എന്റെ ബന്ധുക്കാരായ സുഹൃത്തുക്കള്‍ പുറത്തു നില്‍പ്പുണ്ടായിരുന്നു.
             ഞങ്ങളെയും വഹിച്ചുകൊണ്ട് കാര്‍ അവീര്‍ ഫ്രൂട്ട് & വെജിറ്റബിള്‍ മാര്‍ക്കെറ്റ്‌ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. വണ്ടിയില്‍ അവര്‍ എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നു, അവരുടെതായ തമാശകളും മറ്റും. ആ സമയം അതൊന്നും ആസ്വദിക്കാനുള്ള ഒരു മാനസികാവസ്ഥ എനിക്കുണ്ടായിരുന്നില്ല. ഇടയ്ക്കു ആരോ എന്നോട് നാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചു. ഞാന്‍ മറുപടി പറഞ്ഞെങ്കിലും  മനസ്സ് മൈലുകല്‍ക്കപ്പുറത്തു എന്റെ വീട്ടിലായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉമ്മയും പെങ്ങന്മാരും മറ്റു ബന്ധുക്കളും അവരുടെ നിറഞ്ഞ കണ്ണുകളും, ഇനി അവരെയൊക്കെ എന്നു കാണാന്‍ കഴിയുമെന്നു അറിയില്ല. എന്തൊക്കെ നേടിയാലും സ്വന്തം നാടിനപ്പുറം ഒരു സ്വര്ഗ്ഗവുമില്ലെന്ന തിരിച്ചറിവ് എന്നില്‍ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു. ഓര്‍ക്കുംതോറും സങ്കടംകൊണ്ട് ഹൃദയം വീര്‍ത്തു വരുന്നു. ഒന്ന് പൊട്ടിക്കരയാന്‍ കഴിഞ്ഞെങ്കില്‍ എന്നു ഒരു വേള ആഗ്രഹിച്ചു. നിറഞ്ഞുവരുന്ന കണ്ണുകള്‍ ആരും കാണാതെ തുടച്ചുകൊണ്ട്, ഒരാണിന്നു പരസ്യമായി കരയാനുള്ള അവകാശമില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു. പാരാകെ പറന്നുനടന്നിരുന്ന പക്ഷിയുടെ ചിറകൊടിച്ച അവസ്ഥയായിരുന്നു ആപ്പോള്‍ എന്‍റെത്. യാത്ര പറഞ്ഞിറങ്ങും നേരം എന്നെ കെട്ടിപ്പിടിച്ചു ഇത്  നിന്റെ നല്ലതിനാണെന്ന് ഉപ്പ പറഞ്ഞത് ശരിയായിരിക്കും............ ഇനി എന്റെ നന്മ ഞാന്‍ കണ്ടെത്തണം........

 വഴിവിളക്കുകളെ പിന്നിലാക്കിക്കൊണ്ട് കാര്‍ ഓടിക്കൊണ്ടിരുന്നു. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ഭാണ്ഡം തോളിലേറ്റി, വിരഹത്തിന്റെയും നഷ്ട യവ്വനത്തിന്റെയും കണക്കുകള്‍ നെഞ്ചിലും പേറി, കണ്ണെത്താ മരുഭൂമിയിലെമണല്‍കുന്നുകളും താണ്ടി മറ്റെല്ലാ പ്രവാസികളെയും പോലെ ഞാനും ഏന്തിവലിഞ്ഞു നടക്കാന്‍ തുടങ്ങി....... ജീവിതം കൂട്ടിമുട്ടിക്കാനുള്ള അറ്റം കാണാനാവാതെ ........ അല്ല കാണില്ല എന്ന അറിവോടെ  ..................................... ശുഭം
                                                                                  
by mirshad


8 comments:

  1. മിര്‍ഷാദ്‌ ജന്മനാടിന്റെ കണ്ണീര്‍ ഉറഞ്ഞു കൂടിയ പ്രവാസ ഭൂമിയിലേക്ക്‌ സ്വാഗതം .ഹൃദയ സ്പര്‍ശിയായ വിധത്തില്‍ ആദ്യാനുഭവം എഴുതിയിട്ടുണ്ട് ..തുടരുക.അധിക വായനക്കാരെ കണ്ടെത്താന്‍ ബ്ലോഗില്‍ ജാലകം പോലുള്ള അഗ്രിഗേറ്ററുകള്‍ സ്ഥാപിക്കുക ..ഇനിയും വരാം ..കമന്റു ബോക്സിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ ..

    ReplyDelete
  2. നന്നായിട്ടുണ്ട്... നല്ല ശൈലി.. നല്ല എഴുത്ത്... ഇനിയും എഴുതുക... നല്ല വായനാ സുഖം നല്‍കുന്നതിനാല്‍ ഇനിയും വന്നുകൊണ്ടിരിക്കാം... പുതിയ പോസ്റ്റ് ഇടുംബോള്‍ മെയില്‍ അയക്കുമല്ലോ...?

    ആശംസകള്‍

    ReplyDelete
  3. തീര്‍ച്ചയായും മെയില്‍ അയക്കാം

    ReplyDelete
  4. എഴുത്ത് ഹൃദയത്തില്‍ തൊട്ടു. പോകുന്നതിനു മുന്‍പ് ഒന്ന് മാത്രം പറയാം സംഭവിക്കുന്നതെല്ലാം നല്ലതിനാണ്... b+ nd be happy!! ഞാന്‍ പ്രാര്‍ത്ഥിക്കാം...

    ReplyDelete
  5. മരുഭൂമിയിലെ മുത്തു തേടി മറ്റൊരു പ്രവാസി കൂടി ഇവിടെ ജനിക്കുന്നു.
    നല്ല ശൈലി.
    തുടരുക ഈ എഴുത്ത്.

    ReplyDelete
  6. പ്രവാസത്തെ ഒരു വിധി ആയി കാണുന്നതിനോട് എനിക്ക് യോജിപ്പില്ല. അത് നമ്മള്‍ തന്റേടത്തോടെ ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്.

    ആശങ്കകള്‍ വളരെ നന്നായി എഴുതി ഫലിപ്പിച്ചു. ആശംസകള്‍.

    ReplyDelete
  7. ദുബൈ... താങ്കളുടെ കര്‍മ്മഭൂമി... അത് ദൈവ നിശ്ചയമാണ്

    ഈ ബോധം താങ്കള്‍ക്ക് ഉണര്‍വും ഊര്‍ജ്ജവും സന്തോഷവും പകരട്ടെ

    അത്യാവശ്യവും ആവശ്യവും അനാവശ്യവും തിരിച്ചറിയാന്‍ ശ്രമിയ്കൂ...
    ജീവിതത്തിന്റെ അറ്റങ്ങള്‍ കൂട്ടിമുട്ടിയ്കല്‍ ഒരു പ്രശ്നമാകില്ല

    മനോഹരമായ രചന...
    ആശംസകള്‍

    ReplyDelete

എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ മാഷെ